ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യ ഉൾപ്പെടെ ഏഷ്യ പസിഫിക് രാജ്യങ്ങളിൽ വലിയ സാന്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര വികസനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ (യുഎൻഡിപി) റിപ്പോർട്ട്.
സംഘർഷം രൂക്ഷമായാൽ ഇന്ത്യയിൽ മാത്രം ഏകദേശം 25 ലക്ഷം പേർ പുതിയതായി ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ധനവില വർധന, ചരക്കുനീക്കത്തിനുള്ള ഉയർന്ന ചിലവ്, മറ്റ് ഉത്പാദന ചെലവുകൾ എന്നിവ സാധാരണക്കാരുടെ വാങ്ങൽ ശേഷിയെ കുറയ്ക്കുകയും ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യും. ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 23.9 ശതമാനത്തിൽ നിന്ന് 24.2 ശതമാനമായി ഉയരാൻ ഇത് കാരണമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുഎൻഡിപിയുടെ പ്രാഥമിക വിലയിരുത്തൽപ്രകാരം ആഗോളതലത്തിൽ ഏകദേശം 88 ലക്ഷം പേർ ഈ പ്രതിസന്ധി മൂലം ദാരിദ്ര്യത്തിലാകാൻ സാധ്യതയുണ്ട്. ഏകദേശം 50 ലക്ഷത്തോളം പേർ ഇറാനിൽ പുതുതായി ദരിദ്രരാകും.പ്രതിസന്ധിയുടെ സിംഹഭാഗവും ദക്ഷിണേഷ്യൻ രാജ്യങ്ങളിലായിരിക്കും. ഏഷ്യപസഫിക് മേഖലയ്ക്ക് ആകെ 299 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായേക്കാം. ഒരു വർഷത്തെ വികസന നേട്ടങ്ങൾക്കുവരെ യുദ്ധം വിലങ്ങുതടിയാകുമെന്നും റിപ്പോർട്ടിലുണ്ട്.
ഊർജ, എണ്ണ വ്യാപാരത്തിന് ഇന്ത്യ മിഡിൽ ഈസ്റ്റിനെ കൂടുതൽ ആശ്രയിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാകുന്നതിന് പ്രധാന കാരണം. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും പശ്ചിമേഷ്യയിൽനിന്നാണ്. കൂടാതെ വളം ഇറക്കുമതിയുടെ 45 ശതമാനവും. എൽഎൻജി വില വർധിച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിലേക്കു തിരിയുന്നതായും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
കയറ്റുമതി മേഖലയിൽ വലിയ ആഘാതമുണ്ടാകുമെന്നും യുഎൻഡിപി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചരക്ക് നീക്കത്തിലെ കാലതാമസവും ഇൻഷ്വറൻസ് തുകയിലുണ്ടായ വർധനവും വ്യാപാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.